ഷഷ്ഠി വൃതം

കറുത്തവാവ് കഴിഞ്ഞുവരുന്ന ദിവസമാണ് ഷഷ്ഠി വൃതം ആചരിക്കുന്നത്. ഷഷ്ഠി ദിനത്തിൻ്റെ തലേദിവസം മുതലാണ് വൃതം ആരംഭിക്കുന്നത്. പഞ്ചമി ദിനത്തിൽ ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് ഗൃഹ ശുദ്ധി വരുത്തി സൂര്യോദയത്തിനു മുൻപ് സ്നാനം കഴിച്ച് ഭസ്മം,ചന്ദനം മുതലായവ തൊട്ട് സ്വസ്ഥമായി വടക്കോ കിഴക്കോ നോക്കിയിരുന്നു ഭഗവത് സ്വരൂപം മനസ്സിൽ ധ്യാനിച്ച് 108 ൽ കുറയാതെ 'ഓം നമശിവായ' എന്ന പഞ്ചാക്ഷരം ജപിക്കുക.അന്നേ ദിവസം മനസ്സും,വാക്കും,ശരീരവും പ്രവർത്തികളും ശുദ്ധമാക്കി ഭഗവത് സ്മരണയോടെ ഉച്ചയ്ക്ക് ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് ഉപവസിച്ചു യഥാശക്തി സ്വാമിനാമജപങ്ങളോടെ കഴിയേണ്ടതാണ്. സന്ധ്യക്ക് സ്നാനന്തരം പഞ്ചാക്ഷര ജപവും കീർത്തനാദികളും ചെയ്യേണ്ടതാണ്. സ്കന്ദ പുരാണ പാരായണം ഉത്തമമാണ്.അന്നേദിവസം വിനോദങ്ങൾ,കലാസ്വാദനങ്ങൾ എന്നിവ ഒഴിവാക്കി അദ്ധ്യാത്മിക, ഭക്തിരസ പ്രധാനങ്ങളായ പ്രവർത്തികളിൽ മുഴുകുക. ഭഗവത് സ്മരണയോടെ ഉറങ്ങി ഷഷ്ഠിദിനത്തിലും ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് ശരീരശുദ്ധി വരുത്തി 108 പ്രാവശ്യം പഞ്ചാക്ഷരി മന്ത്രം ജപിച്ച് സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തി തീർത്ഥ കുളത്തിൽ കൈ, കാൽ, മുഖം എന്നിവ കഴുകി ശിരസ്സിലും ശരീരത്തിലും ജലം തെളിച്ച് ക്ഷേത്ര നടയിലെത്തി ഭഗവാനെ വണങ്ങുക. ക്ഷേത്രത്തിനെ ആറ് പ്രാവശ്യം നാമജപത്തോടെ പ്രദക്ഷിണം നടത്തുക.ശേഷം ഭഗവാനെ നമസ്കരിച്ച് യഥാശക്തി വഴിപാടുകൾ സമർപ്പിച്ച് ക്ഷേത്ര സന്നിധിയിൽ ഇരുന്നു മൗനമായി ഭഗവത് ധ്യാനമോ പ്രാർത്ഥനകളോ നടത്തുക.ഉച്ചപൂജ കഴിയുന്നതുവരെ ഭഗവത് സന്നിധിയിൽ വസിച്ചു (ഉപവസിച്ചു) കർപ്പൂരാരതി തൊഴുത് തീർത്ഥം, പ്രസാദം, ഭഗവത് പ്രസാദമായ ചോറ് എന്നിവ കഴിച്ച് പാരണ വീടാവുന്നതാണ്.

സന്തതി പരമ്പരകൾക്ക് വേണ്ടി മാതാപിതാക്കൾ അനുഷ്ഠിക്കുന്ന വ്രതമാണ് ഷഷ്ഠി വൃതം. സന്താനങ്ങൾക്ക് വിദ്യാവിജയം,തൊഴിൽ,ആയുസ്സ്, ആരോഗ്യം എന്നിവ ലഭിക്കുന്നതിന് വേണ്ടിയാണ് ഷഷ്ഠിവൃതം ആചരിക്കുന്നത്. ഓരോ മാസത്തിലെ ഷഷ്ഠി വ്രതത്തിന് പ്രത്യേകതകൾ ഉണ്ട്.

  • ചിങ്ങം മാസത്തിലെ ഷഷ്ഠി "ചന്ദനഷഷ്ഠി" എന്നറിയപ്പെടുന്നു. ഇതിൻറെ ഫലം ആഗ്രഹസാഫല്യമാണ്.
  • കന്നിമാസത്തിലെ ഷഷ്ഠി "കബിലഷഷ്ഠി" എന്നറിയപ്പെടുന്നു. ഇതിൻറെ ഫലം ഭർത്യലാഭം, സന്താനലാഭം എന്നിവയാണ്.
  • തുലാമാസത്തിലെ ഷഷ്ഠിയെ "സ്കന്ദഷഷ്ഠി" എന്ന് പറയപ്പെടുന്നു. സന്താനലാഭം, ശത്രുനാശം എന്നിവയാണ് ഫലങ്ങൾ.

ശൂരപത്മനെ സുബ്രഹ്‌മണ്യ സ്വാമി വധിച്ച ദിനമാണ് സ്കന്ദഷഷ്ഠിയായി ആചരിക്കുന്നത്. ആറു ദിവസം വൃതമെടുത്തും ഒരു ദിവസം വൃതമെടുത്തും സ്കന്ദഷഷ്ഠി ആചരിക്കാറുണ്ട്. തുലാമാസത്തിൽ അവസാനിക്കും വിധം ആറുമാസം ഷഷ്ഠി വൃതമെടുത്താൽ 12 ഷഷ്ഠിവൃതം ആചരിച്ച ഫലം ലഭിക്കും. ചൊവ്വാദോഷം പരിഹരിക്കുന്നതിന് ഉത്തമമാണ് സ്കന്ദ ഷഷ്ഠിവൃതം. ബ്രഹ്മാവിനെ കാരാഗ്രഹത്തിൽ അടച്ച പാപത്തിന് ഭഗവാൻ സർപ്പരൂപമായി മാറി. ഇതിനു പ്രായച്ഛിത്തമായി അമ്മ പാർവതി ദേവി 9 വർഷം 108 ഷഷ്ഠി വൃതം നോറ്റു മകനെ പാപത്തിൽ നിന്നും മോചിപ്പിച്ചു.

  • വിഷ്ണു സ്പർശത്താൽ വൃശ്ചികമാസത്തിൽ ഭഗവാന് പൂർണ്ണരൂപം തിരിച്ചു കിട്ടി ഇതിനെ "സുബ്രഹ്മണ്യ" ഷഷ്ഠി എന്നാണ് പറയുന്നത്. ഈ വ്രതം എടുത്താൽ പാപദോഷം,സർപ്പ ദോഷം,സന്തതികളുടെ ദുഃഖം എന്നിവയിൽ നിന്നും മോചനം ലഭിക്കുന്നതാണ്. സ്കന്ദൻ താരകാസുരനെ വധിച്ച അവസരത്തിൽ ബ്രഹ്മാവ് സുബ്രഹ്മണ്യനെ സ്തുതിച്ചത്. വൃശ്ചികം,ധനുമാസത്തിലെ ഷഷ്ഠി നാളുകളിൽ ആണ്. ഈ മാസത്തിലെ ഷഷ്ഠി വൃതം ആചരിച്ചാൽ കീർത്തിയുണ്ടാകും.
  • ധനു മകരമാസത്തിലെ ഷഷ്ഠി "പൗഷഷഷ്ഠി" എന്നാണ് അറിയപ്പെടുന്നത്. ഇതിൻ്റെ ഫലമായി ഏറെ ജ്ഞാനപ്രീതിയുണ്ടാകുമെന്ന് പറയുന്നു.
  • മകരം,കുംഭമാസത്തിലെ ശുക്ലഷഷ്ഠി "വരുണഷഷ്ഠി" എന്നും അറിയപ്പെടുന്നു. ഈ ഷഷ്ഠി വൃതം ആചരിച്ചാൽ ധനസമൃദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം.
  • കുംഭം,മീനമാസത്തിലെ ഫാൽഗുണഷഷ്ഠി ആചരിച്ചാൽ കൈലാസവാസമാണ് ഫലം.
  • മീനം,മേടം മാസത്തിലെ ഷഷ്ഠി "ചൈത്രം ഷഷ്ഠി" എന്ന് അറിയപ്പെടുന്നു. ചൈത്രം ഷഷ്ഠി ആചരിച്ചാൽ തേജസ്വിയും ദീർഘായുസ്സുമുള്ള ഒരു പുത്രനെ ലഭിക്കുകയും അസുഖങ്ങളിൽ നിന്ന് ശാന്തി ലഭിക്കുകയും ചെയ്യുന്നു. ഈ ഷഷ്ഠി വൃതം "കുമാരവൃതം" എന്നും അറിയപ്പെടുന്നു.
  • മേടം,ഇടവമാസത്തിലെ ഷഷ്ഠിയായ "വൈശാഖ ഷഷ്ഠി" എടുത്ത് സ്കന്ദ ഭഗവാനെ പൂജിച്ചാൽ മാതൃസൗഖ്യം ഫലവത്താകുന്നു.
  • ഇടവം,മിഥുനം മാസത്തിലെ ഷഷ്ഠി വൃതം ആചരിച്ചാൽ പുണ്യ ലോകപ്രാപ്തിയാണ് ഫലം.
  • കർക്കിടകമാസത്തിലെ ഷഷ്ഠി വൃതം ആചരിച്ചാൽ സന്താനമോക്ഷവും അഭീഷ്ടസിദ്ധിയും ഫലവത്താകുന്നു, ഇതിനെ "കുമാര ഷഷ്ഠി" എന്നും പറയപ്പെടുന്നു.