തൈപൂയ മഹോത്സവം

എല്ലാവർഷവും മകര മാസത്തിലെ പൂയം നക്ഷത്ര ദിവസമാണ് ക്ഷേത്രത്തിലെ മഹോത്സവമായി ആഘോഷിക്കുന്നത്. ഉത്സവത്തിന് ഏഴു ദിവസം മുൻപായി തൃകൊടിയേറ്റ് നടത്തി താന്ത്രിക ക്രിയ വിധികളോട് കൂടിയാണ് ഉത്സവം നടത്തുന്നത്. കൊടിയേറ്റം മുതൽ 5-ാം ദിവസം വരെ സമാജത്തിൻ്റെയും 4 ശാഖകളുടെയും വിവിധ കലാപരിപാടികളും തൈപൂയത്തിൻ്റെ തലേദിവസമായ 6-ാം ദിവസം ദീപാരാധനയ്ക്കു ശേഷം ഭക്തജനങ്ങളുടെ പറയെടുപ്പും അതിനുശേഷം വിളക്കെഴുന്നള്ളിപ്പും പള്ളിവേട്ടയും നടത്തുന്നു. പള്ളിയുറക്കത്തോട് കൂടിയാണ് തലേദിവസത്തെ ചടങ്ങുകൾ അവസാനിക്കുന്നത്.

തുടർന്ന് തൈപൂയ ദിവസം പുലർച്ചെ മൂന്ന് മണിക്ക് സ്വാമിയെ പള്ളി ഉണർത്തി പൈകിടാവിനെ കണികാണിച്ച് വിശിഷ്ടമായ കുംഭാഭിഷേകത്തിന് തുടക്കം കുറിക്കുന്നു. ആയിരക്കണക്കിന് ഭക്തജനങ്ങൾ അഭിഷേകപ്രിയനായ ഭഗവാന് എണ്ണ, പഞ്ചാമൃതം, തേൻ, പനിനീർ, പാൽ, കരിക്ക്, ഭസ്മം ദ്രവ്യങ്ങളുമായി വന്ന് സ്വാമിക്ക് അഭിഷേകം നടത്തുന്നു. ഗജവീരന്മാരെ അണിനിരത്തിക്കൊണ്ട് ശീവേലിയും, നാല് ശാഖകളുടെ നേതൃത്വത്തിലുള്ള അതിഗംഭീരമായ കാവടിയാട്ടവും വൈകിട്ട് ആനകളെ അണിനിരത്തി കൊണ്ടുള്ള എഴുന്നള്ളിപ്പും നടത്തുന്നു.

വൈകിട്ട് ദീപാരാധനയ്ക്കുശേഷം ഗംഭീരമായ വർണ്ണ മഴയും ശേഷം രാത്രി നാല് ശാഖകളുടെ ഭസ്മകാവടികളും വെളുപ്പിന് 3 മണിക്ക് പൂരവും നടത്തപ്പെടുന്നു. തൈപ്പൂയത്തിന് സമാപനം കുറിച്ചുകൊണ്ട് 8-ാം ദിവസം രാവിലെ 8.30 ന് ആറാട്ട് എഴുന്നള്ളിപ്പിന് വേണ്ടി ഭഗവാൻ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട് കഴിമ്പ്രം ബീച്ചിലെ ആറാട്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ആറാട്ട് നടത്തി പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ അഭിഷേകങ്ങളും, പറകളും, പൂജകളും ആയിരക്കണക്കിനാളുകൾക്ക് ആറാട്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസാദൂട്ട് നടത്തിയതിനുശേഷം ദേശവാസികളുടെ പറകളും സ്വീകരണങ്ങളും ഏറ്റുവാങ്ങി ക്ഷേത്രസന്നിധിയിൽ എത്തി പൂജകൾക്ക് ശേഷം തൈപ്പൂയ മഹോത്സവത്തിന് കൊടിയിറക്കി സമാപനം കുറിക്കുന്നു.